Monday, September 26, 2011

പി.ഡി.പി എന്ത് ? ആര്‍ക്കു വേണ്ടി ? എന്തിനു ?

ആവീര്ഭവിച്ച കാലം മുതല്‍ക്കു തന്നെ ആരോപണങ്ങളും വിവാദങ്ങളും കൊണ്ട് ഇത്രയേറെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയയായ ഭരണ പക്ഷവും പ്രതിപക്ഷവും അല്ലാതെ പ്രതിസന്ധികളെ  തരണം ചെയ്തു ഇന്നും നിലനില്‍ക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. 1993ഏപ്രില്‍ 14 നു പാര്‍ട്ടി രൂപീകരിചു മേയ് 23നു കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വച്ച് നയപ്രഖ്യാപന സമ്മേളനം നടത്താനിരിക്കെ പാര്‍ട്ടിയുടെ നയപ്രഖ്യാപനം തന്നെ സര്‍ക്കാര്‍ നിരോധിച്ചു. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് നേത്രത്വം നല്‍കിയിരുന്ന കെ. കരുണാകരന്‍ മുന്നണിക്കുള്ളിലും പുറത്തും ഉണ്ടായിരുന്ന ചില ജനാധിപത്യ വിരുദ്ധ ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങി ഫലത്തില്‍ പി.ഡി.പി ക്കെതിരെ അപ്രക്യാപിത നിരോധനം നടപ്പില്‍ വരുതുകയായിരുന്നു.

                                ഈ പ്രതിബന്ധങ്ങളെ തെല്ലും വകവെക്കാതെ നിരോധനം ലങ്കിച്ച്‌ നയപ്രക്യാപനം നടത്തി അബ്ദുല്‍ നാസര്‍ മഅദനി ചെയര്‍മാനും എസ്.സുവര്‍ണ്ണ കുമാര്‍ ജനറല്‍ സെക്രട്ടറിയുമായി ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങിയ പി.ഡി.പി ആര്‍ക്കും അവഗണിക്കാനാകാത്ത രാഷ്ട്രീയ ശക്തിയായി മുന്നേറാന്‍ തുടങ്ങിയപ്പോള്‍ അതെ കരുണാകരന്‍ തന്നെ പി.ഡി.പി ക്ക് ഐക്യ ജനാധിപത്യ മുന്നണിയില്‍ പ്രവേശനം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പ്രത്രപ്രസ്ഥാവന നടത്തിയത് ചരിത്രമാണ്.  അതോടെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള ശ്രമവും യു.ഡി.എഫില്‍ ശക്തമായി. പി.ഡി.പി യെ ഘടക കക്ഷി ആക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് പറഞ്ഞ ശേഷം കെ.കരുണാകരന് പിന്നീട് അതിക കാലം മുഖ്യ മന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞില്ല.

                 പി.ഡി.പിയെ ഏത് വിധേനയും അധികാര ഭരണ രംഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ഘൂട തന്ത്രം പാര്‍ട്ടി രൂപീകരിച്ച നാള്‍ മുതല്‍ തൊട്ടു തന്നെ പി.ഡി.പി വിരുദ്ധരുടെ അജണ്ടയിലെ മുഖ്യ ഇനമായിരുന്നു എന്ന് അര്‍ഥം. ഈ പി.ഡി.പി വിരോധത്തിന്റെ പ്രഥാന കാരണമായി അന്നും ഇന്നും ഉയര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്നത് പാര്‍ട്ടിയുടെ ചെയര്‍മാനും പാര്‍ട്ടിയും ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെ ജന ഹൃദയങ്ങള്‍ എത്തിക്കാന്‍ രാപകലില്ലാതെ അശ്രാന്ധ പരിശ്രമം നടത്തികൊണ്ടിരിക്കുകയും കേരള ചരിത്രം ഇന്ന് വരെ സാക്ഷ്യം വഹിചിട്ടില്ലാത്ത തരത്തില്‍ ജന സഹസ്രങ്ങളെ ഒരുമിച്ചു കൂട്ടുന്നതിലും ജനങ്ങളില്‍ സംവധിക്കുന്നതില്‍ പ്രഗത്ഭനുമായ അബ്ദുല്‍ നാസര്‍ മഅദനിയെ അത്യന്തം അപാടകാരിയായ മത തീവ്രവാദി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്. 

                    അബ്ദുല്‍ നാസര്‍ മഅദനി മത പഠനത്തില്‍  ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ, പണ്ഡിതനും പണ്ഡിത സമൂഹത്തില്‍ നിന്ന് താരതമ്യേന വ്യത്യസ്തനായി ജനസേവനവും സാമൂഹ്യ സേവനവും ജീവിത ദൌത്യമായി തിരെഞ്ഞെടുത്ത മഹത് വ്യക്തിയും ആണ് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ഇരുപത്തെട്ടു വയസ്സുള്ളപ്പോള്‍ അതായത് 1991ല്‍ ഇസ്ലാമിക സേവക സംഗം എന്ന പേരില്‍ ഒരു സങ്കടന ഉണ്ടാക്കുകയും മുസ്ലിംകളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ നാട് ഭരിക്കുന്ന സര്‍ക്കാരുകള്‍ അലംഭാവം കാണിച്ചാല്‍ മുസ്ലികള്‍ക്ക് ആത്മ രക്ഷാര്തം സ്വയം സങ്കടിക്കേണ്ടി വരുമെന്നും ഉറക്കെ പ്രക്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പണ്ഡിതനാണ് അബ്ദുല്‍ നാസര്‍ മഅദനി.

 ഐ.എസ്.എസ്  ഉണ്ടാക്കിയതാണ് അബ്ദുല്‍ നാസര്‍ മഅദനിയില്‍ ആരോപിക്കപെടുന്ന മുസ്ലിം തീവ്രവാതത്തിനു അടിസ്ഥാനമായി അദ്ധേഹത്തെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തി കാണിക്കുന്നത്. മുസ്ലിംകളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ ഇന്ത്യ ഭരിച്ച സര്‍ക്കാരുകള്‍ ദയനീയമായി പരാജയപെട്ടു എന്ന് ജെ.രേജീന്ദര്‍ സച്ചാര്‍ കമ്മിറ്റി 2007ല്‍ കേന്ദ്ര ഗവണ്മെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറഞ്ഞ വസ്തുതയാണ്. അതിനോട് എല്ലാവര്ക്കും പൊതുവേ യോജിപ്പാണ് ഉള്ളത്. ആരെങ്കിലും യോജിക്കുന്നോ വിയോജിക്കുന്നോ എന്നതിനേക്കാള്‍ വലിയ സത്യവും ആണ് അത്. അബ്ദുല്‍ നാസര്‍ മഅദനി ഐ.എസ്.എസ് രൂപികരിച്ച 1991നു ശേഷം പത്തു വര്ഷം കഴിഞ്ഞപ്പോള്‍ നരേന്ദ്ര മോഡി മുസ്ലികള്‍ക്കെതിരെ ഗുജറാത്തില്‍ നടത്തിയ നരനായാട്ടിന്റെ ഭീകരതയെ കുറിച്ച് ജനാധിപത്യ സമൂഹം ഒന്നടങ്കം വ്യാകുലപെടുകയുണ്ടായി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു നാല് വര്ഷം കഴിഞ്ഞു. ലോക പ്രസിദ്ധ ചരിത്രകാരന്‍ എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൌരത്വം വേണ്ടാ എന്ന് പറഞ്ഞു ഖത്തര്‍ പൌരത്വം സ്വീകരിച്ചു. എം.എഫ് ഹുസൈന്‍ തീവ്രവാദിയോ ഭീകര വാദിയോ ആയിരുന്നില്ല. ഇന്ത്യയിലെ ഫാഷിസ്റ്റ്‌ ഭീകരവാദികളുടെ അക്രമ ഭീഷണിയെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യയില്‍ നിന്ന് ഓടി പോകുകയാണ് ഉണ്ടായത്. രണ്ടു വര്ഷം സ്വന്തം മാത്ര് രാജ്യത്തേക്ക് വരാതെ ലണ്ടനില്‍ താമസിച്ച അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന് സംരക്ഷണം കൊടുക്കാന്‍ യു.പി.എ സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് മറ്റൊരു  രാഷ്ട്രത്തിന്റെ പൌരത്വം സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് എം.എഫ് ഹുസൈനെന്ന വിക്യാതനായ ചരിത്രകാരനെ കൊണ്ടെത്തിച്ചത്.  ചുരുക്കി പറഞ്ഞാല്‍ മുസ്ലികളുടെ സാമൂഹ്യ സുരക്ഷിതത്വത്തിന്റെ അവസ്ഥ ഉന്നതരായ വ്യക്തികളുടെ കാര്യത്തില്‍ പോലും ഇപ്പോഴും ഇതാണെങ്കില്‍ 1989ലും, 1990ലും, 1991ലും, എല്ലാം ദേശ വ്യാപകമായി മുസ്ലിം പള്ളികള്‍ ഒന്നൊന്നായി തകര്‍ക്കുമെന്ന ഭീഷണിയുമായും, മുസ്ലികള്‍ക്കെതിരെ പരസ്യമായ ആക്രമണങ്ങള്‍ സങ്കടിപ്പിച്ചും മത ദൃവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഫാഷിസ്റ്റ്‌ ശക്തിയുടെ വേലിയേറ്റ കാലത്തെ അവസ്ഥയൊന്നു ആലോചിച്ചു നോക്കു. ആ കാലത്താണ് അബ്ദുല്‍ നാസര്‍ മഅദനി ഐ.എസ്.എസ് ഉണ്ടാക്കിയത്. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം ആര്‍.എസ്.എസ്സിനെ നിരോധിച്ചാല്‍ ഐ.എസ്.എസ്സിനെ പിരിച്ചു വിടുമെന്നായിരുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ താല്‍കാലികമായി നിരോധിച്ചപ്പോള്‍ അബ്ദുല്‍ നാസര്‍ മഅദനി ഐ.എസ്.എസ് പിരിച്ചു വിട്ടുകൊണ്ട് വാക്ക് പാലിച്ചു. അബ്ദുല്‍ നാസര്‍ മഅദനി ഐ.എസ്.എസ്. പിരിച്ചു വിട്ടതിനു ശേഷം പിന്നാലെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ നിരോധനം നീക്കിയെങ്കിലും പിരിച്ചു വിട്ട ഐ.എസ്.എസ് പുന:സങ്ങടിപ്പിക്കാന്‍ അബ്ദുല്‍ നാസര്‍ മഅദനി തയ്യാറായില്ല. പകരം 1993ല്‍ പീപ്ള്‍സ് ടെമോക്രാടിക് പാര്‍ട്ടി രൂപീകരിക്കപെട്ടത്‌ ഐ.എസ്.എസിന്റെ വേഷ പകര്‍ച്ച എന്ന നിലക്കോ അനുബന്ധമെന്ന നിലക്കോ അല്ല എന്ന് അബ്ദുല്‍ നാസര്‍ മഅദനി  തന്നെ പല തവണ വ്യക്തമാക്കിയ ഒരു വസ്തുതയാണ്.

                 ദളിത് പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിവിധ നേതാക്കള്‍ ഒന്നിച്ചിരുന്നു വിശദമായ ചര്‍ച്ചകള്‍ നടത്തി ബാബാ സാഹെബ് അംബേദ്ക്കര്‍ടെയും, ശ്രീനാരായണ ഗുരുവിന്റെയും, അയ്യങ്ങാളിയുടെയും എക്കാലത്തും മര്‍ദിതരോടോപ്പവും, കഷ്ട്ടപെടുന്നവര്‍ക്കൊപ്പവും നില്‍ക്കാനുള്ള ദര്‍ശന പ്രത്യയ ശാസ്ത്രത്തില്‍ ആവീഷ്കരിച്ച മുദ്രാവാക്യങ്ങളുടെ അടിത്തറയില്‍ നിന്ന് ഉയര്‍ന്നു വന്നതാണ് പീപ്ള്‍സ് ടെമോക്രാടിക് പാര്‍ട്ടിയും അതിന്റെ ആദര്‍ശവും. 

                       സാമൂഹ്യമയും സാമ്പത്തികമായും ഉള്ള പിന്നോക്കാവസ്ഥ കാരണം അധികാര ഭരണ രംഗങ്ങളില്‍ പ്രാധിനിധ്യം നേടാനാകാതെ നിരന്തരം പാര്ശ്വവല്‍ക്കരിക്കപെട്ട് കൊണ്ടിരിക്കുന്ന രാഷ്ട്രീയ കീഴാളത അനുഭവിക്കുകയും സാമ്പത്തികമായി അടിച്ചമര്‍ത്തുകയും സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ തളച്ചിടുകയും ചെയ്യുന്ന ജന വിഭാഗങ്ങളുടെ ഐക്യധാര്‍ദ്യത്തിലൂടെ മാത്രമേ സാഷിസ്റ്റു ശക്തികളുടെ മത ധ്രുവീകരണ കുതന്ത്രങ്ങളെയും ഭരണകൂട ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയത്തെയും സമര്‍ത്ഥമായി അഭിസംബോധന ചെയ്യാനും നേരിടാനും സാധിക്കുകയുള്ളൂ എന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് പി.ഡി.പി രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. 

                ഐ.എസ്.എസില്‍ നിന്നും പി.ഡി.പിയിലെക്കുള്ള അബ്ദുല്‍ നാസര്‍ മഅദനിയുടെ പരിണാമം ഒരു മുസ്ലി പണ്ഡിതന്റെ പുരോഗമന പരമായ രാഷ്ട്രീയ വീക്ഷണത്തിന്റെ മാത്രകയായി ഉയര്‍ത്തിപ്പിടിക്കാന്‍ മാര്‍ക്കിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസ് തയ്യാറായി എന്ന് മാത്രമല്ല ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ കോണ്ഗ്രസ്സിന്റെ വാലാക്കി മാറ്റാനും സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക് പണയ പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ മുസ്ലിംകളില്‍ നിന്ന് തന്നെ ഒരു ഭാഗത്ത്‌ ഇബ്രാഹിം സുലൈമാന്‍ സെട്ടുവും മറുഭാഗത്ത്‌ നിന്നും മഅദനിയും നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങളെ  രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട് എന്ന് സിദ്ധാന്ത വല്‍ക്കരിക്കാനും അദ്ദേഹം തയ്യാറായി. ഇതിന്റെയൊക്കെ ഫലമായി രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പി.ഡി.പിയോടുള്ള ശത്രുത പതിന്മടങ്ങ്‌ വര്‍ധിച്ചു എന്ന് മാത്രമല്ല അബ്ദുല്‍ നാസര്‍ മഅദനിയെ എത്രത്തോളം അപകീര്‍ത്തി പെടുത്താനും അതിലേറെ അപകടകാരിയായി ചിത്രീകരിക്കാനും എത്രത്തോളം കഴിയുമോ അത്രത്തോളം അതിനു ശ്രമിക്കുകയും അദേഹത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പം സൃഷ്ട്ടിക്കുവാനുമുള്ള ശ്രമങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പൂര്‍വാധികം ശക്തിയാര്‍ജിക്കുകയും ചെയ്തു. അതിന്റെ പരിണിത ഫലമായിരുന്നു  1998 മുതല്‍ 2007വരെ  കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടനത്തിന്റെ പേരുപറഞ്ഞു ചെയ്യാത്ത കുറ്റം ആരോപിച്ചു കോയമ്പത്തൂരില്‍ കാരിരുംബഴിക്കുള്ളില്‍ അദ്ദേഹം അനുഭവിച്ച പീഡനങ്ങള്‍ ....

                            അവസാനം നിരപരാധിത്വം തെളിയിക്കപെട്ടു കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പി.ഡി.പിയുടെ ജനപിന്തുണ പതിന്മടങ്ങ് ശക്തിയാര്‍ജിക്കുന്ന ഒരു സാഹചര്യം സംജാതമാകുകയും അന്നേവരെ അദേഹത്തിനെതിരെ ഉന്നയിച്ചു വന്നിരുന്ന ആരോപണങ്ങള്‍ എല്ലാം ശുദ്ധ അസംബന്ധങ്ങളാണെന്നും ജനങ്ങള്‍ക്കും രാഷ്ട്രീയ സമൂഹത്തിനും ബോധ്യപെടുകയും ചെയ്തപ്പോള്‍ വീണ്ടും പുതിയ ആരോപണങ്ങളുമായി പഴയ ശക്തികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇപ്പോള്‍ മഅദനിക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന സര്‍വ കേസ്സുകളുടെയും പിന്നില്‍ പി.ഡി.പിയെ ജനങ്ങളില്‍ നിന്ന് ഒറ്റപെടുത്തുക, അബ്ദുല്‍ നാസര്‍ മഅദനിയെ തീവ്രവാദി ആയി ചിത്രീകരിക്കുക എന്ന ലക്ഷ്യമാനുള്ളത്. പ്രിയ പത്നി സൂഫിയാ മഅദനിയെ കൂടി ഈ വക കേസ്സുകളില്‍ കഥാപാത്രമാക്കി മഅദനി മാത്രമല്ല അദ്ധേഹത്തിന്റെ കുടുംബം മുഴുവം ഭീകര വാദത്തിന്റെ പര്യായമാണ് എന്ന് വരുത്തി തീര്‍ക്കുന്നതിനാണ്‌ ഈ കെട്ടു കഥകളെല്ലാം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

                          പി.ഡി.പിയുടെ രാഷ്ട്രീയ ശാക്തീകരണത്തെയും അധികാര രംഗങ്ങളിലുള്ള പി.ഡി.പിയുടെ സാന്നിധ്യത്തെയും കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കുള്ളിലെ ചില കക്ഷികള്‍ ബയപെടുന്നത് എന്തുകൊണ്ട് ? ഉത്തരം വളരെ ലളിതമാണ്. പി.ഡി.പി പ്രധിനിതാനം ചെയ്യുന്ന ജന വിഭാങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും ആയ  പശ്ചാത്തലം തന്നെയാണ് ഒരു കാരണം. സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് രാഷ്ട്രീയ അധികാരത്തില്‍ പങ്കാളിത്തം നല്കുന്നതിലുള്ള അമര്‍ഷമാണ്‌ പി.ഡി.പി വിരോധത്തിന്റെ മുഖ്യ പ്രചോതനം. കേരളത്തിലെ ഏറ്റവും സാധാരണക്കാരായ പിന്നോക്ക വിഭാഗക്കാരുടെയും ദളിതുകളുടെയും മുസ്ലികളുടെയും പങ്കാളിത്തമാണ് പി.ഡി.പിയുടെ ജനകീയ അടിത്തറയുടെ പ്രധാന ഭാഗം. അതുകൊണ്ട് തന്നെ രാഷ്ട്രീയ അധികാരത്തിന്റെ ഗുണഭോക്താക്കള്‍ ആരാവണം എന്നതിന്റെ കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയിലെ തമ്പുരാക്കന്‍ മാരും മറ്റു മത വിഭാഗങ്ങള്‍ക്കിടയിലെ മേല്‍ജാതിക്കാര്‍ കീഴ്ജാതിക്കാരോട് വച്ച് പുലര്‍ത്തുന്ന അവജ്ഞയും അരാചകത്വവും പി.ഡി.പി വിരോധത്തിന്റെ മറ്റൊരു കാരണമാണ്. ഇതിനെക്കാളേറെ പ്രധാന പെട്ട മറ്റൊന്ന് കൂടി ഉണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളില്‍ പരസ്പര വൈരം വളര്‍ത്തി തമ്മിലടിപ്പിക്കാന്‍ ഫാഷിസ്റ്റ്‌ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഒരു പരിധി വരെ പ്രധിരോധിക്കുകയും ജനങ്ങള്‍ക്കിടയില്‍ ജാതി മതഭേധമന്യേ ഐക്യം ഉണ്ടാക്കാനും പി.ഡി.പി മുന്നോട്ടു വെക്കുന്ന്ന ദളിത് പിന്നോക്ക മത ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യത്തിനു സാധിച്ചിട്ടുണ്ട്. ഫാഷിസ്റ്റ്‌ കളുടെ മാത്രം ശത്രു അല്ല സമുതയിക ധ്രുവീകരണം ഉണ്ടാക്കി അധികാര രാഷ്ട്രീയത്തില്‍ അടവുകള്‍ പണിയുന്ന രാഷ്ട്രീയ കുതന്ത്ര പാര്‍ട്ടികളുടെയും മുഖ്യ ശത്രുവായി പി.ഡി.പി മാറികൊണ്ടിരിക്കുകയാണ്.

                        ഇത്രത്തോളം ശത്രുത സഹിച്ചു മഅദനിയും പി.ഡി.പിയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക്‌ എന്ത് നേടികൊടുത്തു എന്ന ഒരു ചോദ്യമാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ജന വിഭാഗങ്ങിളില്‍ അധികാര പങ്കാളിത്വത്തെ കുറിച്ച് അവബോധം വളര്‍ത്തിയതും വലുതാക്കിയതും പി.ഡി.പിയുടെ ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ആണ്. കേരളത്തിലെ രാഷ്ട്രീയ പാര്ട്ടികള്‍ക്കുള്ളില്‍ രൂക്ഷമായിരുന്ന ജാതി മത വിവേചന പ്രവണതകളെ പരസ്യമായി ചോദ്യം ചെയ്യാനും അത്തരം പ്രവണതകള്‍ക്കെതിരെ അതായത് പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ  പോരാടാനും ഉള്ള പ്രചോദനം പി.ഡി.പിയുടെ അവര്‍ണ്ണ രാഷ്ട്രീയ ആശയ പ്രചാരണത്തിന്റെ ഏറ്റവും വലിയ ഗുണഫലങ്ങളില്‍ ഒന്നാണ്. ഫാസിസം ഹിന്ദുക്കള്‍ക്കും മുസ്ലിമ്കള്‍ക്കും ഇടയില്‍ ഉള്ള വര്‍ഗീയ പ്രശ്നം അല്ല എന്നും ജനങ്ങളെ തമ്മില്‍ അടിപ്പിച്ചു പാവപെട്ട ജന വിഭാഗങ്ങള്‍ക്ക് അവകാശപെട്ട രാഷ്ട്രീയ സാമ്പത്തിക വിഭവങ്ങളും അവരുടെ അവകാശങ്ങളും കവര്‍ച്ച ചെയ്യുവാനും വേഷപ്രജ്ന്യരായി നടക്കുന്ന സാമ്രാജ്യത്വ ശക്തികളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും ഈ ദുഷ്ട്ട ശക്തികള്‍ക്കെതിരെ സര്‍വ ജാതി മത വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് ഉയന്നു വരേണ്ടത് എന്നുമുള്ള പൊതു സൃഷ്ട്ടിക്കപെട്ടത്‌ പി.ഡി.പിയുടെ പ്രയത്ന ഫലമായാണ്. അതുകൊണ്ട് തന്നെ ഫാഷിസ്റ്റ്‌ ശക്തികളുടെ ഇന്ത്യയിലെ തന്നെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് മഅദനിയും പി.ഡി.പിയുമായി മാറിയിരിക്കുന്നു.

No comments:

Post a Comment